അച്ഛന്റെ പുരാണപ്പെട്ടി

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) നാട്ടിന്‍പുറത്ത്‌ ചെറുപ്പകാലം ചിലവിട്ട അച്ഛനില്‍ നിന്ന് കിട്ടുന്ന ചെറുസംഭവങ്ങളും കഥകളും തട്ടിക്കൂട്ടി ഒരു ഭാഗത്ത്‌ സംഭരിച്ച്‌ വെക്കാനുള്ള ഒരു ശ്രമം ഈ ബ്ലോഗ്‌ വഴി നടത്തുന്നു.

Tuesday, August 29, 2006

ശാസ്താം പാട്ടും കളവും

നാട്ടിന്‍പുറത്ത്‌ പണ്ട്‌ വീടുകളില്‍ ശാസ്താം പാട്ട്‌ നടത്തുമ്പൊള്‍ ആ പ്രദേശത്തുള്ളവരെല്ലാം ആ വീട്ടില്‍ ഹാജറായിരിക്കും.

ഈ ശാസ്താം പാട്ടുകാരും കള്ളന്മാരും തമ്മില്‍ വളരെ ക്ലോസ്‌ റിലേഷന്‍ഷിപ്പും നല്ല ടീം വര്‍ക്കും ആയിരുന്നത്രെ.

കള്ളന്മാര്‍ എന്നു പറഞ്ഞാല്‍ അത്ര വല്ല്യ കേമന്മരുമൊന്നുമല്ല. ചക്ക, മാങ്ങ തുടങ്ങിയ ഐറ്റംസ്‌ ആണ്‌ മോഷണം.

ഒരിക്കല്‍ ശാസ്താം പാട്ട്‌ നടക്കുമ്പൊള്‍ കള്ളന്‍ ശങ്കരന്‍ ചക്കയിടാന്‍ പ്ലാവില്‍ കയറി.

പാട്ടുകാരന്‍ നോക്കിയപ്പോള്‍ നിലാവിന്റെ വെളിച്ചത്തില്‍ കള്ളന്റെ നിഴല്‍ പന്തലില്‍ വീഴുന്നു.

ഉടനെ പാട്ടിന്നിടയില്‍ പുള്ളി ലിറിക്സ്‌ എഡിറ്റ്‌ ചെയ്ത്‌ കാച്ചി..

'പന്തലില്‍ നിഴല്‍ വീഴുന്നു ശങ്കരാ...' (ഇരിപ്പ്‌ അഡ്ജസ്റ്റ്‌ ചെയ്യാനുള്ള സിഗ്നല്‍)

ഉടനെ അടുത്ത വരിയും...

'ഇട്ടോളിന്‍ കുരവ മങ്കമാരേ...'

(കുരവയിടലും ചക്കയിടലും ടൈമിംഗ്‌ ഫിക്സ്ഡ്‌)

Monday, August 28, 2006

വെളിച്ചപ്പാട്‌

പണ്ട്‌ അന്നനാട്‌ അമ്പലത്തില്‍ പറയെടുപ്പോടനുബദ്ധിച്ച്‌ വെളിച്ചപ്പാട്‌ ഓരോ വീട്ടിലും എത്തുമ്പോള്‍ തുള്ളിക്കൊണ്ട്‌ ദേവീഭാഷയില്‍ അരുളപ്പാടുകളുണ്ട്‌...

'ഹും...എല്ലാം ശരിയാവും... ദേവി എല്ലാം കാണണിണ്ട്‌... ഉം...' എന്നൊക്കെ...

ഒരിക്കല്‍ വെളിച്ചപ്പാട്‌ തുള്ളിക്കൊണ്ട്‌ നില്‍ക്കുമ്പോള്‍ ഒരു നായ കുരച്ചുകൊണ്ട്‌ വന്നു.

വെളിച്ചപ്പടിന്റെ അരമണിയുടെ കിലുക്കവും വേഷഭൂഷാതികളും തുള്ളലും കണ്ട്‌ അടുക്കാന്‍ നായക്ക്‌ പേടി.

നായയുടെ കുര കണ്ട്‌ മുന്‍പോട്ട്‌ പോകാന്‍ വെളിച്ചപ്പാടിനും പേടി.

തുള്ളിക്കൊണ്ട്‌ വെളിച്ചപ്പാട്‌ മൊഴിഞ്ഞു....

'നാല്‍ക്കാലിയെ ബന്ധിക്കണോ.... അതോ.. നോം വൈക്കോല്‍തുറൂല്‍ കേറണോ?...'