അച്ഛന്റെ പുരാണപ്പെട്ടി

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) നാട്ടിന്‍പുറത്ത്‌ ചെറുപ്പകാലം ചിലവിട്ട അച്ഛനില്‍ നിന്ന് കിട്ടുന്ന ചെറുസംഭവങ്ങളും കഥകളും തട്ടിക്കൂട്ടി ഒരു ഭാഗത്ത്‌ സംഭരിച്ച്‌ വെക്കാനുള്ള ഒരു ശ്രമം ഈ ബ്ലോഗ്‌ വഴി നടത്തുന്നു.

Monday, July 21, 2008

പിള്ളേരെ കൊല്ലിക്കല്ലേ ആശാരിച്ചീ..

ആശാരി ദിവസവും പണിയെല്ലാം കഴിഞ്ഞ്‌ തളര്‍ന്ന് വന്ന് രാത്രി അത്താഴത്തിനിരിക്കുമ്പോള്‍ ആശാരിച്ചി കഞ്ഞി വിളമ്പും. ആശാരിക്ക്‌ കൊടുക്കുന്നതോടൊപ്പം 3 മക്കള്‍ക്കും കഞ്ഞി വിളമ്പും.

ആശാരിക്ക്‌ മാത്രം വളരെ കുറച്ച്‌ കഞ്ഞിയും പിള്ളേര്‍ക്ക്‌ വയറുനിറച്ച്‌ കഞ്ഞിയും ആശാരിച്ചി കൊടുക്കും. വല്ല മീനോ ഇറച്ചിയോ ഉണ്ടെങ്കില്‍ അതും പിള്ളേര്‍ക്ക്‌ തന്നെ. ആശാരി വല്ല പച്ചമുളകോ മറ്റോ കൂട്ട്‌ പിടിച്ച്‌ കിട്ടിയ കഞ്ഞി കുടിച്ച്‌ പാതി വയറുമായി കൈ കഴുകും.

കൈ കഴുകിക്കഴിയുമ്പോള്‍ ആശാരി പറയും "പിള്ളേരെ കൊല്ലിക്കല്ലേ ആശാരിച്ചീ..."

ആശാരിച്ചി പിറ്റേന്ന് മുതല്‍ പിള്ളേര്‍ക്ക്‌ കൂടുതല്‍ ഭക്ഷണം കൊടുക്കാന്‍ ശ്രദ്ധിക്കും. ആശാരിയുടെ പ്ലേറ്റില്‍ ആ കുറവ്‌ കൂടുതല്‍ കൂടുതല്‍ അനുഭവപ്പെടുകമാത്രം ചെയ്തു.

എന്നും ആശാരി പറയും "പിള്ളേരെ കൊല്ലിക്കല്ലേ ആശാരിച്ചീ..."

ഒരു ദിവസം ആശാരി ഭക്ഷണക്കുറവും അതുമൂലമുള്ള അനാരോഗ്യവും മൂലം മരിച്ചു.

കുടുംബം പട്ടിണിയിലായി. ആകെ ജോലി ചെയ്ത്‌ വല്ലതും കൊണ്ടുവന്നിരുന്ന ആശാരിയാണെങ്കില്‍ മരിച്ചു. പിള്ളേരൊക്കെ വളരെ ചെറുതും...

അപ്പോഴാണത്രേ ആശാരിച്ചിക്ക്‌ ഇത്രയും കാലം ആശാരി പറഞ്ഞ ആ വാക്കുകളുടെ അര്‍ത്ഥം മനസ്സിലായത്‌..
"പിള്ളേരെ കൊല്ലിക്കല്ലേ ആശാരിച്ചീ..."