അച്ഛന്റെ പുരാണപ്പെട്ടി

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) നാട്ടിന്‍പുറത്ത്‌ ചെറുപ്പകാലം ചിലവിട്ട അച്ഛനില്‍ നിന്ന് കിട്ടുന്ന ചെറുസംഭവങ്ങളും കഥകളും തട്ടിക്കൂട്ടി ഒരു ഭാഗത്ത്‌ സംഭരിച്ച്‌ വെക്കാനുള്ള ഒരു ശ്രമം ഈ ബ്ലോഗ്‌ വഴി നടത്തുന്നു.

Wednesday, November 08, 2006

കൊച്ചുണ്ണിയുടെ തോല്‍ വി

കള്ളനും പാവങ്ങളുടെ തോഴനുമായ കായം കുളം കൊച്ചുണ്ണി പതിവുപോലെ താന്‍ പിറ്റേന്ന് മോഷ്ടിക്കാന്‍ കയറുന്ന വീട്ടില്‍ സന്ദേശം എത്തിച്ചു. താന്‍ മോഷ്ടിക്കാന്‍ ചെല്ലുന്ന വീട്ടില്‍ മുന്‍ കൂട്ടി അറിയിച്ചിട്ട്‌ ചെല്ലുക എന്ന ധൈര്യം അങ്ങേര്‍ കാണിച്ചിരുന്നുവത്രെ.

ഇത്തവണ കൊച്ചുണ്ണി തിരഞ്ഞെടുത്തത്‌ നാട്ടിലെ ഒരു വലിയ കര്‍ഷകനും അദ്ധ്വാനിയുമായ ഗോപാലന്റെ വീടാണ്‌. നല്ല പൊക്കവും അതിനൊത്ത വണ്ണവുമുള്ള ഗോപാലന്‍ തന്റെ അദ്ധ്വാനം മൂലം ശക്തമായ ശരീരത്തിനുടമയായിരുന്നു.

ഗോപാലന്‍ പാടത്തെയും പറമ്പിലെയും പണികഴിഞ്ഞ്‌ എത്തുന്നത്‌ രാത്രിയായാണ്‌. വീട്ടിലെത്തിയ ഉടനെ ഭാര്യ ഗോപാലനോട്‌ അന്ന് കൊച്ചുണ്ണി എത്തുന്ന വിവരം പറഞ്ഞു. അത്‌ കേട്ടതായി ഭാവിക്കാതെ കുളിക്കാന്‍ കയറുമ്പോള്‍ ഗോപാലന്‍ ഭാര്യയോട്‌ തനിക്കുള്ള അത്താഴം വിളമ്പി വയ്ക്കാന്‍ ആവശ്യപ്പെട്ടു.

കുളികഴിഞ്ഞെത്തി അദ്ദേഹം അത്താഴം കഴിക്കാന്‍ നിലത്തിരുന്നു. ഒരു വലിയ ഇലയില്‍ ഒരു കുന്ന് ചോറ്‌. ചുറ്റും പല കറികള്‍.... തൊട്ടടുത്ത്‌ രണ്ട്‌ പൊതിച്ച തേങ്ങകള്‍...

അപ്പോഴെക്കും കൊച്ചുണ്ണി ഒരു ശിങ്കിടിയുമായി എത്തി.

'കയറി വരൂ...' ഗോപാലന്‍ പറഞ്ഞു.

കൊച്ചുണ്ണിയും ശിങ്കിടിയും അകത്ത്‌ ഗോപാലന്റെ മുന്നിലെത്തി.

'ഞാന്‍ അത്താഴം കഴിക്കാന്‍ ഇരുന്നൂല്ലോ.... ഇതങ്ങ്‌ ട്‌ കഴിച്ചിട്ട്‌ പോരെ നമുക്ക്‌ നമ്മുടെ കാര്യങ്ങള്‍???' ഗോപാലന്റെ വിനയത്തോടെയുള്ള ചോദ്യം.

'ങാ... മതി...' കൊച്ചുണ്ണി പറഞ്ഞു.

കൊച്ചുണ്ണിയും ശിങ്കിടിയും നോക്കി നില്‍ക്കെ, ഗോപാലന്‍ ഒരു തേങ്ങയെടുത്ത്‌ രണ്ട്‌ കൈയ്യും ചേര്‍ത്ത്‌ പിടിച്ച്‌ ഒന്ന് പിഴിഞ്ഞു. തേങ്ങാപാല്‍ ചോറിലേക്ക്‌ ഒഴിച്ചിട്ട്‌ ബാക്കി കൈപിടിയിലുള്ള പൊടിഞ്ഞ ചിരട്ടയും തേങ്ങപീരയും ഇലയുടെ അരികില്‍ ഇട്ടു. ഇതുപോലെ തന്നെ അടുത്ത തേങ്ങയും.... എന്നിട്ട്‌ ആ ചോറ്‌ മുഴുവന്‍ ഒന്ന് കുഴച്ച്‌ വിശദമായി കഴിച്ചു.

ഗോപാലന്റെ ഈ പ്രകടനം കണ്ട്‌ ഒന്ന് അമ്പരന്ന കൊച്ചുണ്ണിയും ശിങ്കിടിയും പറഞ്ഞു..

'എന്നാ... ഞങ്ങള്‍ പോയിട്ട്‌ പിന്നെ വരാം...'

'ഹേയ്‌... ഒന്ന് നിക്കൂ... ഞാന്‍ ഇതാ വരുന്നു...' എന്ന് പറഞ്ഞ്‌ ഗോപാലന്‍ ഊണ്‌ കഴിച്ച്‌ എഴുന്നേറ്റു.
കൈ കഴുകി വന്നിട്ട്‌ കൊച്ചുണ്ണിയുടെ തോളില്‍ കൈവച്ച്‌ പറഞ്ഞു...

'പാവങ്ങളെ സഹായിക്കുന്നതൊക്കെ കൊള്ളം കൊച്ചുണ്ണ്യേ... പക്ഷെ അദ്ധ്വാനിച്ച്‌ ജീവിക്കുന്നവരെ ബുദ്ധിമുട്ടിക്കരുത്‌... വല്ലതും സഹായം വേണേല്‍ ഞാനും ചെയ്യാം...'

'എന്നോട്‌ ക്ഷമിക്കണം... ഇനി ഇങ്ങനെ ഉണ്ടാവാതെ നോക്കിക്കോളാം... ഞങ്ങള്‍ പോകുന്നു...' എന്ന് പറഞ്ഞ്‌ യാത്ര പറഞ്ഞ്‌ കൊച്ചുണ്ണിയും ശിങ്കിടിയും സ്ഥലം വിട്ടു.

15 Comments:

Blogger സൂര്യോദയം said...

അച്ഛന്റെ പുരാണപ്പെട്ടിയില്‍ നിന്ന് കിട്ടിയ ഒരു ചെറിയ കഥ (സംഭവ കഥ എന്ന് പറയപ്പെടുന്നു) ...

4:02 AM  
Blogger സു | Su said...

നടന്ന കാര്യം ആവും. :)

4:16 AM  
Blogger സുല്‍ |Sul said...

തേങ്ങാ ഞാനുടക്കാം. എന്നാലല്ലെ പിഴിഞ്ഞാല്‍ പാലുവരു. അല്ലെല്‍ നാളികേരവെള്ളത്തില്‍ ചോറ് ഓടിക്കളിക്കില്ലെ. :)

-സുല്‍

4:23 AM  
Blogger ലിഡിയ said...

സൂര്യാ ചാനലിലെ “കായംകുളം കൊച്ചുണ്ണി’ കണ്ട് കൊച്ചുണ്ണീ സൂപ്പര്‍ മാനാണെന്ന് കരുതുന്ന കുട്ടികളോടൊന്നും പറയണ്ട..

പാവം കൊച്ചുണ്ണിയേയും അവര്‍ ഒട്ടും വെറുതെ വിടുന്നില്ല.

-പാര്‍വതി.

4:36 AM  
Blogger വാളൂരാന്‍ said...

എന്റെ സൂര്യാ,
ഈ ഐറ്റംസൊക്കെ എങ്ങിനെ ഒപ്പിക്കുന്നു.... കൊള്ളാം....

4:41 AM  
Blogger അളിയന്‍സ് said...

ആഹാ ഇതിനിടക്ക് അങ്ങനേം ഒരു സംഭവമുണ്ടായോ..? ആ സൂര്യ ടിവിക്കാരോട് പറയല്ലേ.. അവരിത് ഒരു അമ്പത് എപ്പിഡോസാക്കും

5:37 AM  
Blogger സൂര്യോദയം said...

സു ചേച്ചി, പാര്‍വ്വതി: നന്ദി...
സുല്‍: നാളികേരവെള്ളത്തിന്റെ പോയന്റ്‌ ശ്രദ്ധിച്ചുവല്ലെ.... ഒരു കുന്ന് ചോറ്‌ ഉള്ളതിനാല്‍ അത്ര പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല... അല്ലെങ്കില്‍ നല്ല മൂത്ത്‌ ഉണങ്ങിയ തേങ്ങയാകും :-)
മുരളീ: ഐറ്റംസ്‌ ഇനിയും കുറേ അച്ഛന്റെ പുരാണപ്പെട്ടിയില്‍ കിടപ്പുണ്ടാകും... തപ്പിനോക്കട്ടെ :-)
അളിയന്‍സേ... സൂര്യാ ടി.വിക്കാര്‍ ഇത്‌ എടുക്കില്ല... കാരണം കൊച്ചുണ്ണി ഇമ്മിണി വല്ല്യ ഹീറോ അല്ലെ അവര്‍ക്ക്‌...

8:35 PM  
Blogger Adithyan said...

ഇതു കൊള്ളല്ലോ...
ഇനി രണ്ട് പൊതിക്കാത്ത തേങ്ങാ പിഴിഞ്ഞ് പാലു വരുത്താന്‍ പ്രാക്ടീസ് ചെയ്യണം. ;)

8:46 PM  
Blogger Rasheed Chalil said...

സൂര്യാ പുരാണപ്പെട്ടിയില്‍ നിന്ന് പൊടിത്തട്ടിയെടുത്ത് ഇനിയും തട്ടന്നേ... നന്നായിരിക്കുന്നു കെട്ടോ.

8:47 PM  
Blogger വേണു venu said...

സുര്യാ, കഥ രസിച്ചിരിക്കുന്നു.നല്ല രീതിയില്‍ പറഞ്ഞിരിക്കുന്നു.
ഈ കഥ ഒരു നമ്പൂതിരി കഥയില്‍ മറ്റൊരു രൂപത്തില്‍ കേട്ടിരുന്നു.ഗുസ്തിക്കാരനായ ഒരു നമ്പൂതിരിയൂടെ വീട്ടില്‍ അദ്ധേഹമില്ലാത്ത സമയം മറ്റൊരു ഇല്ലത്തെ നമ്പൂതിരി വന്നു. ശക്തി പരീക്ഷണത്തിനായിരുന്നു വന്നതു്.നമ്പൂതിരി ഉടനെ എത്തുമെന്നും അദ്ധേഹത്തിനുള്ള ഊണു് ശരിയാക്കുകയാണെന്നും അതുവരെ ഇരുന്നാട്ടെ എന്നു പറഞ്ഞു് നമ്പൂതിരിച്ചി ജോലികളിലേയ്ക്കു കടന്നു. കോലായിലിരുന്ന നമ്മുടെ വരുത്തന്‍ തിരുമേനി കണ്ട കാഴ്ചകള്‍ ഇതൊക്കെഅയിരുന്നു.
നമ്പൂതിരിയുടെ ഭാര്യ മുറ്റത്തു നിന്ന തെങ്ങു കുലുക്കി തേങ്ങ രണ്ടു മൂന്നു് താഴേയ്ക്കിട്ടു.രണ്ടാള്‍ പൊക്കത്തില്‍ വച്ചേക്കുന്ന കരിങ്കല്ലു കൊണ്ടുണ്ടാക്കിയ
ഉരല്‍ പൂ പോലെ താഴെ വച്ചു.അന്നുവയ്ക്കേണ്ട കഞ്ഞിക്കുള്ള നെല്ലു കുത്തി അരിയാക്കി കഞ്ഞിക്കു അടുപ്പില്‍ വച്ചു.ഉരലിനെ യഥാ സ്ഥാനത്തു് പൂ പോലെ. തെങ്ങാ പാലു്, തേങ്ങ രണ്ടു കൈ കൊണ്ടും ഞെക്കി ഒഴിക്കുന്നതു കണ്ടപ്പോള്‍ നമ്പൂതിരി ഓടി രക്ഷപ്പെടുകയായിരുന്നു.
വഴിയില്‍ കാര്യസ്ഥനോടിപ്രകാരം പറഞ്ഞത്രേ.
നമ്പൂരിച്ചിയുടെ ബലം ഇതാണെങ്കില്‍. പിന്നെ നമ്പൂതിരിയുടെ?

8:50 PM  
Blogger Visala Manaskan said...

സിമ്പിളായി കലക്കനായി പറഞ്ഞിരിക്കുന്നു.

8:59 PM  
Blogger സൂര്യോദയം said...

ആദിത്യന്‍, ഇത്തിരീ, വിശാല്‍ജീ... കമന്റാനുള്ള സമയവും സൗമനസ്യവും കാണിച്ചതിന്‌ നന്ദി...
വേണുജീ.... ശരിക്കും ചിരിച്ചുപോയി നമ്പൂതിരിയുടെ കഥ വായിച്ച്‌.. :-))

10:51 PM  
Blogger Areekkodan | അരീക്കോടന്‍ said...

സൂര്യാ....പുരാണപ്പെട്ടി കൊള്ളാലോ....എന്റെ ഉപ്പാക്കും ഉണ്ട്‌ ഒരു പെട്ടി...പക്ഷെ അതില്‌ കുറെ പാറ്റ തിന്ന പേപ്പറുകളേ കാണുന്നുള്ളൂ..

9:13 AM  
Anonymous Anonymous said...

വേണു പറഞ്ഞ കഥ കൊട്ടാരത്തില്‍ ശംഖുണ്ണിയുടെ ഐതിഹ്യമാലയില്‍ ഉന്ട്.

7:04 AM  
Blogger Strider said...

This comment has been removed by the author.

1:51 AM  

Post a Comment

<< Home