അച്ഛന്റെ പുരാണപ്പെട്ടി

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) നാട്ടിന്‍പുറത്ത്‌ ചെറുപ്പകാലം ചിലവിട്ട അച്ഛനില്‍ നിന്ന് കിട്ടുന്ന ചെറുസംഭവങ്ങളും കഥകളും തട്ടിക്കൂട്ടി ഒരു ഭാഗത്ത്‌ സംഭരിച്ച്‌ വെക്കാനുള്ള ഒരു ശ്രമം ഈ ബ്ലോഗ്‌ വഴി നടത്തുന്നു.

Monday, July 21, 2008

പിള്ളേരെ കൊല്ലിക്കല്ലേ ആശാരിച്ചീ..

ആശാരി ദിവസവും പണിയെല്ലാം കഴിഞ്ഞ്‌ തളര്‍ന്ന് വന്ന് രാത്രി അത്താഴത്തിനിരിക്കുമ്പോള്‍ ആശാരിച്ചി കഞ്ഞി വിളമ്പും. ആശാരിക്ക്‌ കൊടുക്കുന്നതോടൊപ്പം 3 മക്കള്‍ക്കും കഞ്ഞി വിളമ്പും.

ആശാരിക്ക്‌ മാത്രം വളരെ കുറച്ച്‌ കഞ്ഞിയും പിള്ളേര്‍ക്ക്‌ വയറുനിറച്ച്‌ കഞ്ഞിയും ആശാരിച്ചി കൊടുക്കും. വല്ല മീനോ ഇറച്ചിയോ ഉണ്ടെങ്കില്‍ അതും പിള്ളേര്‍ക്ക്‌ തന്നെ. ആശാരി വല്ല പച്ചമുളകോ മറ്റോ കൂട്ട്‌ പിടിച്ച്‌ കിട്ടിയ കഞ്ഞി കുടിച്ച്‌ പാതി വയറുമായി കൈ കഴുകും.

കൈ കഴുകിക്കഴിയുമ്പോള്‍ ആശാരി പറയും "പിള്ളേരെ കൊല്ലിക്കല്ലേ ആശാരിച്ചീ..."

ആശാരിച്ചി പിറ്റേന്ന് മുതല്‍ പിള്ളേര്‍ക്ക്‌ കൂടുതല്‍ ഭക്ഷണം കൊടുക്കാന്‍ ശ്രദ്ധിക്കും. ആശാരിയുടെ പ്ലേറ്റില്‍ ആ കുറവ്‌ കൂടുതല്‍ കൂടുതല്‍ അനുഭവപ്പെടുകമാത്രം ചെയ്തു.

എന്നും ആശാരി പറയും "പിള്ളേരെ കൊല്ലിക്കല്ലേ ആശാരിച്ചീ..."

ഒരു ദിവസം ആശാരി ഭക്ഷണക്കുറവും അതുമൂലമുള്ള അനാരോഗ്യവും മൂലം മരിച്ചു.

കുടുംബം പട്ടിണിയിലായി. ആകെ ജോലി ചെയ്ത്‌ വല്ലതും കൊണ്ടുവന്നിരുന്ന ആശാരിയാണെങ്കില്‍ മരിച്ചു. പിള്ളേരൊക്കെ വളരെ ചെറുതും...

അപ്പോഴാണത്രേ ആശാരിച്ചിക്ക്‌ ഇത്രയും കാലം ആശാരി പറഞ്ഞ ആ വാക്കുകളുടെ അര്‍ത്ഥം മനസ്സിലായത്‌..
"പിള്ളേരെ കൊല്ലിക്കല്ലേ ആശാരിച്ചീ..."

13 Comments:

Blogger സൂര്യോദയം said...

കുറേ നാളുകള്‍ക്ക്‌ ശേഷം അച്ഛന്റെ പുരാണപ്പെട്ടിയില്‍ ഒരു എപ്പിഡോസ്‌ കൂടി..

9:00 PM  
Blogger Unknown said...

മഹത്തായ ഗുണപാഠം.അച്ചനുണ്ടെങ്കിലെ മക്കളുള്ളു.അച്ച്ഛനെ പട്ടിണിക്കിട്ടിട്ട് മക്കളെ വളര്‍ത്താന്‍ ശ്രമിച്ചാല്‍ അങ്ങനെയിരിക്കും.

10:47 PM  
Blogger Sharu (Ansha Muneer) said...

നല്ലത് പഠിപ്പിക്കുന്ന കഥ..... നന്നായി

11:07 PM  
Blogger Kaithamullu said...

ഇതേപോലെ ഒരിക്കല്‍ ഒരു ആശാരി ഉപദേശിച്ചു, മോനോട്:
അടുത്ത വീട്ടില്‍ നമുക്കുള്ള ഒരില ചോറ് കളയരുതേ...

ഇവിടെ കഞ്ഞി,
അടുത്ത വീട്ടില്‍ സദ്യ.
എന്തിന് മടിക്കണം: അച്ഛന്‍ പറഞ്ഞതല്ലേ?
ഊണ്ണറായപ്പോള്‍ മോന്‍ പോയി‍.
അവര്‍ സ്വീകരിച്ചു.
സദ്യയുണ്ട് സന്തോഷായി മടങ്ങി, മോന്‍.

പിറ്റേന്നും ഊണിന് സമയായപ്പോള്‍ വായില്‍ വെള്ളമൂറി.
മോന്‍ ഓടി.
അവര്‍ അന്നും വിളമ്പി.

പിന്നേയും ഇതാവര്‍ത്തിച്ചപ്പോള്‍, അയല്‍‍ക്കാര്‍ ഊണ്‍ സമയം മാറ്റി.
-വാതിലടച്ചിട്ട് ഊണ്‍ വീടിനകത്താക്കി.
പിന്നെ പടി വാതില്‍ അടച്ചിട്ടു.

ഇതൊന്നും അറിയാതിരുന്ന ആശാരി തന്റെ അവസാനകാലത്ത് ഉപദേശം ആവര്‍ത്തിച്ചു:
-മോനെ ഞാന്‍ പോയാലും അയല്പക്കത്തുള്ള ഒരില ചോറ് കളയരുതേ....

“അതെന്നേ പോയി“: മോന്‍ പിറുപിറുത്തു.

12:17 AM  
Blogger കുഞ്ഞന്‍ said...

സൂര്യോദയം മാഷെ..

ഇതുപോലെ പല കഥകളുണ്ട്..ഇരുന്നുണ്ണരുത്, കിടന്നുറങ്ങരുത്, ഇരുന്നിട്ടെ കാലു നീട്ടാവൂ..

ഈ കഥ ഇവിടെയും ഉണ്ട്

1:18 AM  
Blogger സൂര്യോദയം said...

കുഞ്ഞന്‍... താങ്കള്‍ തന്ന ലിങ്ക്‌ നോക്കിയപ്പോള്‍ ഈ സംഭവം തന്നെ അവിടെയും ഉണ്ട്‌. ഞാന്‍ ആ ബ്ലോഗ്‌ ഇതേ വരെ വായിച്ചിട്ടുണ്ടായിരുന്നില്ല, നന്ദി.

1:26 AM  
Blogger ശ്രീ said...

നല്ല ഗുണപാഠം

4:16 AM  
Blogger Unknown said...

ഈ കഥ വായിച്ചുകഴിഞ്ഞപ്പൊ എന്റെ കുട്ടിക്കാലം ഓർത്തുപോയി.

സ്കൂളിൽ എന്തെങ്കിലും പാർട്ടിയുണ്ടായാൽ അമ്മ അമ്മയുടെ വിഹിതം അത്രയും ചോറുമ്പാത്രത്തിലാക്കി ഞങ്ങൾ മക്കൾക്കായി കൊണ്ടുവരാറുണ്ടായിരുന്നു...

തലേന്നെത്തെ ചോറ് ബാക്കിയുണ്ടെങ്കിലും ഞങ്ങൾ മക്കൾക്ക് പുതിയ ചോറുവച്ചുതന്ന് പഴയചോറ് സ്വയം കഴിച്ചുതീർത്തിരുന്നു അച്ഛനും അമ്മയും...

അങ്ങനെ അങ്ങനെ എന്തെല്ലാം...!

8:14 AM  
Blogger siva // ശിവ said...

നല്ല ആശയം...നല്ല അവതരണം...ഇത് പഴമൊഴിയാണോ?

സസ്നേഹം,

ശിവ.

9:03 AM  
Blogger പൊറാടത്ത് said...

സൂര്യോദയം.. ഞാനിത് ഇപ്പോഴാ കേള്‍ക്കുന്നത്.. നല്ല പാഠം.. നന്ദി

7:14 PM  
Blogger സൂര്യോദയം said...

ചന്ദൂട്ടാ... വല്ലാതെ സ്പര്‍ശിക്കുന്ന സ്നേഹം... ആ സ്നേഹം വളര്‍ന്ന് വലുതായി സ്വന്തം കാര്യമായിക്കഴിയുമ്പോള്‍ പലരും മറന്നുപോകുന്നു, നമുക്ക്‌ മറക്കാതെ നോക്കാം..

ശിവ... പഴമൊഴിയാണോ എന്ന് ചോദിച്ചാല്‍.... പഴമക്കാര്‍ പറയുന്നതാണ്‌.. :-)

കമന്റ്‌ എഴുതിയവര്‍ക്കെല്ലാം നന്ദി

9:16 PM  
Blogger നിരക്ഷരൻ said...

നല്ലൊരു ഗുണപാഠകഥ. കൈതമുള്ളിന്റെ കഥയും കലക്കി.

10:19 PM  
Blogger Unknown said...

കൊള്ളാം

2:10 AM  

Post a Comment

<< Home