അച്ഛന്റെ പുരാണപ്പെട്ടി

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) നാട്ടിന്‍പുറത്ത്‌ ചെറുപ്പകാലം ചിലവിട്ട അച്ഛനില്‍ നിന്ന് കിട്ടുന്ന ചെറുസംഭവങ്ങളും കഥകളും തട്ടിക്കൂട്ടി ഒരു ഭാഗത്ത്‌ സംഭരിച്ച്‌ വെക്കാനുള്ള ഒരു ശ്രമം ഈ ബ്ലോഗ്‌ വഴി നടത്തുന്നു.

Wednesday, November 08, 2006

കൊച്ചുണ്ണിയുടെ തോല്‍ വി

കള്ളനും പാവങ്ങളുടെ തോഴനുമായ കായം കുളം കൊച്ചുണ്ണി പതിവുപോലെ താന്‍ പിറ്റേന്ന് മോഷ്ടിക്കാന്‍ കയറുന്ന വീട്ടില്‍ സന്ദേശം എത്തിച്ചു. താന്‍ മോഷ്ടിക്കാന്‍ ചെല്ലുന്ന വീട്ടില്‍ മുന്‍ കൂട്ടി അറിയിച്ചിട്ട്‌ ചെല്ലുക എന്ന ധൈര്യം അങ്ങേര്‍ കാണിച്ചിരുന്നുവത്രെ.

ഇത്തവണ കൊച്ചുണ്ണി തിരഞ്ഞെടുത്തത്‌ നാട്ടിലെ ഒരു വലിയ കര്‍ഷകനും അദ്ധ്വാനിയുമായ ഗോപാലന്റെ വീടാണ്‌. നല്ല പൊക്കവും അതിനൊത്ത വണ്ണവുമുള്ള ഗോപാലന്‍ തന്റെ അദ്ധ്വാനം മൂലം ശക്തമായ ശരീരത്തിനുടമയായിരുന്നു.

ഗോപാലന്‍ പാടത്തെയും പറമ്പിലെയും പണികഴിഞ്ഞ്‌ എത്തുന്നത്‌ രാത്രിയായാണ്‌. വീട്ടിലെത്തിയ ഉടനെ ഭാര്യ ഗോപാലനോട്‌ അന്ന് കൊച്ചുണ്ണി എത്തുന്ന വിവരം പറഞ്ഞു. അത്‌ കേട്ടതായി ഭാവിക്കാതെ കുളിക്കാന്‍ കയറുമ്പോള്‍ ഗോപാലന്‍ ഭാര്യയോട്‌ തനിക്കുള്ള അത്താഴം വിളമ്പി വയ്ക്കാന്‍ ആവശ്യപ്പെട്ടു.

കുളികഴിഞ്ഞെത്തി അദ്ദേഹം അത്താഴം കഴിക്കാന്‍ നിലത്തിരുന്നു. ഒരു വലിയ ഇലയില്‍ ഒരു കുന്ന് ചോറ്‌. ചുറ്റും പല കറികള്‍.... തൊട്ടടുത്ത്‌ രണ്ട്‌ പൊതിച്ച തേങ്ങകള്‍...

അപ്പോഴെക്കും കൊച്ചുണ്ണി ഒരു ശിങ്കിടിയുമായി എത്തി.

'കയറി വരൂ...' ഗോപാലന്‍ പറഞ്ഞു.

കൊച്ചുണ്ണിയും ശിങ്കിടിയും അകത്ത്‌ ഗോപാലന്റെ മുന്നിലെത്തി.

'ഞാന്‍ അത്താഴം കഴിക്കാന്‍ ഇരുന്നൂല്ലോ.... ഇതങ്ങ്‌ ട്‌ കഴിച്ചിട്ട്‌ പോരെ നമുക്ക്‌ നമ്മുടെ കാര്യങ്ങള്‍???' ഗോപാലന്റെ വിനയത്തോടെയുള്ള ചോദ്യം.

'ങാ... മതി...' കൊച്ചുണ്ണി പറഞ്ഞു.

കൊച്ചുണ്ണിയും ശിങ്കിടിയും നോക്കി നില്‍ക്കെ, ഗോപാലന്‍ ഒരു തേങ്ങയെടുത്ത്‌ രണ്ട്‌ കൈയ്യും ചേര്‍ത്ത്‌ പിടിച്ച്‌ ഒന്ന് പിഴിഞ്ഞു. തേങ്ങാപാല്‍ ചോറിലേക്ക്‌ ഒഴിച്ചിട്ട്‌ ബാക്കി കൈപിടിയിലുള്ള പൊടിഞ്ഞ ചിരട്ടയും തേങ്ങപീരയും ഇലയുടെ അരികില്‍ ഇട്ടു. ഇതുപോലെ തന്നെ അടുത്ത തേങ്ങയും.... എന്നിട്ട്‌ ആ ചോറ്‌ മുഴുവന്‍ ഒന്ന് കുഴച്ച്‌ വിശദമായി കഴിച്ചു.

ഗോപാലന്റെ ഈ പ്രകടനം കണ്ട്‌ ഒന്ന് അമ്പരന്ന കൊച്ചുണ്ണിയും ശിങ്കിടിയും പറഞ്ഞു..

'എന്നാ... ഞങ്ങള്‍ പോയിട്ട്‌ പിന്നെ വരാം...'

'ഹേയ്‌... ഒന്ന് നിക്കൂ... ഞാന്‍ ഇതാ വരുന്നു...' എന്ന് പറഞ്ഞ്‌ ഗോപാലന്‍ ഊണ്‌ കഴിച്ച്‌ എഴുന്നേറ്റു.
കൈ കഴുകി വന്നിട്ട്‌ കൊച്ചുണ്ണിയുടെ തോളില്‍ കൈവച്ച്‌ പറഞ്ഞു...

'പാവങ്ങളെ സഹായിക്കുന്നതൊക്കെ കൊള്ളം കൊച്ചുണ്ണ്യേ... പക്ഷെ അദ്ധ്വാനിച്ച്‌ ജീവിക്കുന്നവരെ ബുദ്ധിമുട്ടിക്കരുത്‌... വല്ലതും സഹായം വേണേല്‍ ഞാനും ചെയ്യാം...'

'എന്നോട്‌ ക്ഷമിക്കണം... ഇനി ഇങ്ങനെ ഉണ്ടാവാതെ നോക്കിക്കോളാം... ഞങ്ങള്‍ പോകുന്നു...' എന്ന് പറഞ്ഞ്‌ യാത്ര പറഞ്ഞ്‌ കൊച്ചുണ്ണിയും ശിങ്കിടിയും സ്ഥലം വിട്ടു.