വിശക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും
ഒരു കൃഷിക്കാരണ്റ്റെ കുടുംബം.
ഗൃഹനാഥന്‍ ദിവസവും പാടത്ത് പണിയ്ക്ക് പോകും. ഉച്ചയ്ക്ക് ഊണ് കഴിയ്ക്കാന്‍ എത്തുമ്പോള്‍ ഭാര്യ ഭക്ഷണം എടുക്കാന്‍ താമസിച്ചാല്‍ അദ്ദേഹത്തിന് ദേഷ്യം വരും. കാരണം, അത്രയ്ക്ക് അദ്ധ്വാനിച്ച് വരുന്നതായതിനാല്‍ ഭയങ്കര വിശപ്പായിരിയ്ക്കും.
ഒരു ദിവസം ഭാര്യ ചോദിച്ചു.. "നിങ്ങള്‍ക്ക് പാടത്ത് എന്താ ഇത്ര പണി? ഇത്രയ്ക്ക് വിശക്കാന്‍ എന്ത് കാര്യം?"
ഇത് കേട്ട് ഗൃഹനാഥന്‍ : "എന്നാല്‍ നമുക്ക് ഒരു കാര്യം ചെയ്യാം.. നാളെ എനിയ്ക്ക് പകരം നീ പാടത്ത് പൊയ്ക്കോളൂ.. ഇവിടെ വീട്ടിലെ കാര്യങ്ങള്‍ ഞാന്‍ നോക്കികൊള്ളാം.. "
ഭാര്യയ്ക്ക് സമ്മതം.
തീരുമാനിച്ചത് പ്രകാരം പിറ്റേന്ന് പാടത്ത് പണിയ്ക്ക് ഭാര്യ പോയി. ഗൃഹനാഥന്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കാനായി വീട്ടിലും ഇരുന്നു.
ഗൃഹനാഥന്‍ അവിടെ കിടന്നിരുന്ന പശുവിനെ കെട്ടാന്‍ ഉപയോഗിച്ചിരുന്ന ഉണങ്ങിയ ഒരു പഴയ കയറ്‍ എടുത്ത് ശര്‍ക്കരയെല്ലാം ചേര്‍ത്ത് പൊടിച്ച് വച്ചു.
ഉച്ചയ്ക്ക് ഭാര്യ വിശന്ന് ഒാടിക്കിതച്ചെത്തി. "അയ്യോ.. എനിയ്ക്ക് വിശന്നിട്ട് വയ്യാ... ഭക്ഷണം തയ്യാറായില്ലേ?"
"അരി വേവാന്‍ അല്‍പ സമയം കൂടി എടുക്കും... അതിനു മുന്‍പ് വേണമെങ്കില്‍ ദേ ഈ പലഹാരം കഴിച്ചോളൂ.." ഗൃഹനാഥന്‍ പൊടിച്ചുവച്ചിരുന്ന സാധനം എടുത്ത് കൊടുത്തു.
ഭാര്യ വിശപ്പിണ്റ്റെ കാഠിന്യത്താല്‍ അത് മുഴുവന്‍ അകത്താക്കി.
ഇത് കണ്ടുകൊണ്ട് ഗൃഹനാഥന്‍ പറഞ്ഞു...
"വിശക്കുമ്പോ അച്ചി പശുക്കയറും തിന്നും.. "