അച്ഛന്റെ പുരാണപ്പെട്ടി

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) നാട്ടിന്‍പുറത്ത്‌ ചെറുപ്പകാലം ചിലവിട്ട അച്ഛനില്‍ നിന്ന് കിട്ടുന്ന ചെറുസംഭവങ്ങളും കഥകളും തട്ടിക്കൂട്ടി ഒരു ഭാഗത്ത്‌ സംഭരിച്ച്‌ വെക്കാനുള്ള ഒരു ശ്രമം ഈ ബ്ലോഗ്‌ വഴി നടത്തുന്നു.

Wednesday, May 23, 2007

ഈ വൃച്ചം വൃച്ചമായാല്‍

കുറുക്കന്‍ കാട്ടിലൂടെ വെറുതേ ഇങ്ങനെ ഉലാത്തുമ്പോള്‍ എന്തോ ഒരു ചെടി കാലില്‍ ഒന്ന് തട്ടി....
കാല്‌ വല്ലതെ ചൊറിഞ്ഞുതുടങ്ങിയ കുറുക്കന്‍ 'ഇതെന്ത്‌ പണ്ടാരമാണടപ്പാ...' എന്ന് വിചാരിച്ചുകൊണ്ട്‌ നോക്കിയപ്പോള്‍ ഒരു ചെറിയ *തുമ്പച്ചെടി

കുറുക്കന്‌ അത്ഭുതം... ഇത്ര ചെറിയ ഒരു ചെടി...ഹോ എന്താ അതിന്റെ ഒരു എഫ്ഫക്റ്റ്‌...

"ഈ വൃച്ചം വൃച്ചമായാല്‍ ഈ ലോകം നഹി നഹി..."

കുറുക്കന്‍ പിറുപിറുത്തുകൊണ്ട്‌ നടന്നുപോയി.

(*തുമ്പച്ചെടി - ചൊറിയന്‍ തുമ്പ എന്നും അറിയപ്പെടുന്ന ഈ ചെടിയുടെ ഇല ദേഹത്ത്‌ മുട്ടിയാല്‍ നല്ല സുഖമാണ്‌... )

Monday, May 21, 2007

ഉള്ളത്‌ പറഞ്ഞാല്‍

വാസുക്കുട്ടന്‍ കരഞ്ഞുകൊണ്ട്‌ വരുന്നകണ്ട്‌ അമ്മായി ചോദിച്ചു.

"എന്താടാ വസ്വേ..... എന്തുപറ്റീ... നീയെന്തിനാ കരയുന്നത്‌?"

"എന്നെ വീട്ടില്‍ നിന്ന് പുറത്താക്കി...." കരഞ്ഞുകൊണ്ട്‌ വാസുക്കുട്ടന്‍ പറഞ്ഞു.

"അതെന്തിനാ???" അമ്മായിയുടെ ചോദ്യം.

"ഉള്ളത്‌ പറഞ്ഞതിനാ....ങും ഹും..." വാസുക്കുട്ടന്‍ കരച്ചില്‍ തുടര്‍ന്നു.

"ഉള്ളത്‌ പറഞ്ഞതിന്‌ വീട്ടില്‍ നിന്ന് പുറത്താക്കേ... എന്തായിത്‌.... നീ വിഷമിക്കണ്ടടാ... നിനക്ക്‌ എന്റെ കൂടെ കഴിയാം..." അമ്മായി ആശ്വസിപ്പിച്ചു."കൈ കഴുകി വാ... ചോറ്‌ തരാം..." ഇതും പറഞ്ഞ്‌ അമ്മായി ചോറ്‌ എടുക്കാന്‍ അടുക്കളയിലേയ്ക്ക്‌ പോയി.

വാസുക്കുട്ടന്‍ ഊണ്‌ കഴിയ്ക്കാന്‍ ഇരുന്നു. കുറച്ച്‌ കഴിഞ്ഞ്‌ വാസുക്കുട്ടന്‍ പറഞ്ഞു...

"ഒറ്റക്കണ്ണി അമ്മായീ... ഇത്തിരിക്കൂടി ചോറ്‌ വിളമ്പിയേ..."

ഇത്‌ കേട്ടതും അമ്മായി...

"ഛീ... കടക്കടാ നായേ പുറത്ത്‌..."