അച്ഛന്റെ പുരാണപ്പെട്ടി

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) നാട്ടിന്‍പുറത്ത്‌ ചെറുപ്പകാലം ചിലവിട്ട അച്ഛനില്‍ നിന്ന് കിട്ടുന്ന ചെറുസംഭവങ്ങളും കഥകളും തട്ടിക്കൂട്ടി ഒരു ഭാഗത്ത്‌ സംഭരിച്ച്‌ വെക്കാനുള്ള ഒരു ശ്രമം ഈ ബ്ലോഗ്‌ വഴി നടത്തുന്നു.

Tuesday, February 06, 2007

വെളിച്ചപ്പാടിന്റെ ഉള്‍വിളി

ഒരു നാട്ടിന്‍ പുറം...

ഒരു ഉത്സവകാലത്ത്‌ വെളിച്ചപ്പാടും പരിവാരങ്ങളും ചെണ്ടകൊട്ടും തുള്ളലുമായി വീടുകള്‍ തോറും കയറി അമ്പലത്തിലെ വഴിപാടായ പറ നിറയ്ക്കല്‍ പരിപാടിയില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നു.

അങ്ങനെ തുള്ളി തുള്ളി തിരികെ അമ്പലത്തിന്നടുത്തുള്ള വീട്ടിലേക്ക്‌ നടക്കുന്നതിനിടയിലാണ്‌ വെളിച്ചപ്പാടിന്‌ ഒരു ഉള്‍വിളി വന്നത്‌.

'ഉള്‍വിളി' എന്ന് വച്ചാല്‍ ഈ വയറിന്റെ ഉള്ളില്‍ നിന്ന് ഒരു തരം വേദനയും കത്തിക്കാളലും... സംഭവം റിലീസാവാന്‍ വെമ്പിക്കൊണ്ട്‌ നില്‍ക്കുകയാണെന്ന് വെളിച്ചപ്പാടിന്‌ പെട്ടെന്ന് പിടികിട്ടി.

"ദേവീ.... കാലത്ത്‌ കുഞ്ഞമ്പുവിന്റെ ചായക്കടയില്‍ നിന്ന് കഴിച്ച പരിപ്പുവട ചതിച്ചോ......" എന്ന് ഒരു വിളി. അതില്‍ 'ദേവീ...' എന്നത്‌ മാത്രമേ മറ്റുള്ളവര്‍ ശരിയ്ക്ക്‌ കേട്ടുള്ളൂ.

തുള്ളും തോറും ആ ഫീലിംഗ്‌ ഇങ്ങനെ താഴെക്ക്‌ ഇറങ്ങി ഇറങ്ങി വരികയും ചെയ്യുന്നു. തുള്ളിയും നടന്നും നീങ്ങിക്കൊണ്ട്‌ ഇങ്ങനെ ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ പെട്ടുഴലുമ്പോഴാണ്‌ അമ്പലക്കുളത്തിന്നരികെ എത്തിയത്‌. പിന്നെ ഒന്നും ആലോചിച്ചില്ല...

'ദേവീ....' എന്ന് ആര്‍ത്ത്‌ വിളിച്ചുകൊണ്ട്‌ ഒരു കയ്യില്‍ വാളും പിടിച്ചുകൊണ്ട്‌ ഒരൊറ്റ ചാട്ടം....വെള്ളത്തില്‍ ലാന്റ്‌ ചെയ്ത്‌ താഴെയെത്തിയപ്പോഴാണ്‌ വാള്‍ ഏതോ ഒരു ലോഹത്തില്‍ തട്ടിയപോലെ തോന്നി.

കാര്യസാധ്യവും കഴിഞ്ഞ്‌ കരയ്ക്ക്‌ കയറിയിട്ട്‌ മുടി ഒന്ന് മാടി ഒതുക്കിക്കൊണ്ട്‌ ഉള്‍വിളി അറിയിച്ചു..

'ദേവി എല്ലാം അറിയണ്‌ണ്ട്‌.... നാളെ രാവിലെ കുളത്തില്‍ ഒരാളെ ഇറക്കി ഒന്ന് നോക്കണം....'

പിന്നീട്‌ ആളെ വിളിച്ച്‌ കുളത്തില്‍ ഇറക്കി മുങ്ങിത്തപ്പിയപ്പോഴല്ലെ സംഭവം പിടികിട്ടിയത്‌. കുറേ നാള്‍ മുന്‍പ്‌ അമ്പലത്തില്‍ നിന്ന് മോഷണം പോയ വലിയ ഒരു ഉറുളി കുളത്തിന്നടിയില്‍ കിടക്കുന്നു.

അങ്ങനെ വെളിച്ചപ്പട്‌ തന്റെ ഉള്‍വിളി ബഹുകേമമാക്കി.